UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >10th Session>Unstarred Q & A
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 10th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

252

സോളാര്‍ കേസിലെ പ്രതികള്‍ക്കുള്ള ബന്ധങ്ങള്‍ 


ശ്രീ. ആര്‍. രാജേഷ് 

(എ)സോളാര്‍ തട്ടിപ്പ് അനേ്വഷണ സംഘത്തിനുമുന്പാകെ ശ്രീമതി സരിത എസ്. നായര്‍, കേന്ദ്ര-സംസ്ഥാന മന്ത്രിമാരുമായുള്ള തന്‍റെ ബന്ധങ്ങള്‍ സംബന്ധിച്ച് നല്കപ്പെട്ടതായ വെളിപ്പെടുത്തലുകള്‍ എന്തൊക്കെയായിരുന്നുവെന്നറിയിക്കുമോ ; അനേ്വഷണസംഘത്തിനുവേണ്ടി അവ രേഖപ്പെടുത്തുകയുണ്ടായോ; പ്രസ്തുത വെളിപ്പെടുത്തലുകള്‍ സംബന്ധിച്ച തുടര്‍ അനേ്വഷണം നടത്തുകയുണ്ടായോ ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; 

(ബി)പ്രസ്തുത വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്‍റെ ഓഫീസിനെയും കുറിച്ച് എന്തെല്ലാം പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നുവെന്നും, അവയെല്ലാം അനേ്വഷണസംഘം രേഖപ്പെടുത്തുകയുണ്ടായോയെന്നും വിശദമാക്കാമോ ; 

(സി)എറണാകുളം അഡീ.ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് മുന്പാകെ സരിത നല്കിയ മൊഴികള്‍ അനേ്വഷണസംഘം ശേഖരിക്കുകയുണ്ടായോ ; ഇല്ലെങ്കില്‍ കാരണം അറിയിക്കുമോ ? 

 

253

ശ്രീ. എം. കെ. കുരുവിളയ്ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ 

ശ്രീ. എസ്. ശര്‍മ്മ
 
(എ)സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ച ശ്രീ. എം. കെ. കുരുവിള എന്നയാള്‍ക്കെതിരായി ആരോപണം ഉന്നയിച്ചതിനു ശേഷം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ; 

(ബി)മുഖ്യമന്ത്രിക്കെതിരെ ശ്രീ. എം. കെ. കുരുവിള ഉന്നയിച്ച പരാതി എന്തായിരുന്നു; എന്നായിരുന്നു സര്‍ക്കാരിന് പരാതി ലഭിച്ചത് എന്നറിയിക്കുമോ; 

(സി)ഇതിനുശേഷം കുരുവിളയ്ക്കെതിരെ ഏതെല്ലാം സ്റ്റേഷനുകളില്‍ എത്ര കേസ് രജിസ്റ്റര്‍ ചെയ്യുകയുണ്ടായി എന്നറിയിക്കുമോ?

254

സെക്രട്ടേറിയറ്റ് ഉപരോധസമരം

 ശ്രീ. കെ. ദാസന്‍

(എ)സോളാര്‍ പ്രശ്നത്തില്‍ 2013 ആഗസ്റ്റ് 12 മുതല്‍ ആരംഭിച്ച സെക്രട്ടേറിയറ്റ് ഉപരോധ സമരത്തില്‍ പങ്കെടുത്തവര്‍ക്ക് പൊതുമൂത്രപ്പുരകളും കക്കൂസുകളും തുറന്ന് കൊടുക്കുന്നത് പോലീസ് വിലക്കുകയുണ്ടോയോ എന്ന് വ്യക്തമാക്കുമോ; 

(ബി)സമരത്തില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് മുറി നല്കരുതെന്നാവശ്യപ്പെട്ട് ഹോട്ടല്‍/ലോഡ്ജ് ഉടമകള്‍ക്ക് പോലീസ് നോട്ടീസ് നല്കിയിട്ടുണ്ടായിരുന്നുവോ; 

(സി)പ്രസ്തുത നോട്ടീസ് നല്കിയ പോലീസ് ഉദേ്യാഗസ്ഥന്‍മാര്‍ ആരൊക്കെയായിരുന്നു എന്നറിയിക്കാമോ; നല്‍കിയ നോട്ടീസുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ ? 

255

എ.ഡി.ബി. വായ്പ തട്ടിപ്പ് കേസിലെ പ്രതി ശ്രീ. ഫിറോസിന്‍റെ അറസ്റ്റ്

 ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍) 

(എ)എ.ഡി.ബി.യില്‍നിന്നും 25 കോടി രൂപ വായ്പ വാഗ്ദാനം ചെയ്ത് സരിത എസ്. നായരും ബിജു രാധാകൃഷ്ണനും നടത്തിയ തട്ടിപ്പിലെ കൂട്ടുപ്രതിയായ ശ്രീ. ഫിറോസിനെ പി.ആര്‍.ഡി. ഡയറക്ടറായി സര്‍ക്കാര്‍ നിയമിച്ചത് എന്ന് മുതലാണ് ;

(ബി)അദ്ദേഹത്തെ സര്‍വ്വീസില്‍നിന്നും സസ്പെന്‍റ് ചെയ്തത് എന്നായിരുന്നു ; 

(സി)ശ്രീ. ഫിറോസ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് പോലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയുണ്ടായോ ; 

(ഡി)ഉള്ളില്‍ക്കഴിഞ്ഞ രണ്ടാഴ്ചക്കാലം ഫിറോസിനെ അറസ്റ്റ് ചെയ്യുന്നതിന് പോലീസ് എന്തെല്ലാം ശ്രമങ്ങള്‍ നടത്തുകയുണ്ടായി ; ഒളിവില്‍ കഴിയുന്നതിന് ഫിറോസിനെ പോലീസ് സഹായിക്കുകയായിരുന്നു എന്ന ആക്ഷേപം സംബന്ധിച്ച് അനേ്വഷിച്ചിട്ടുണ്ടോ; ഫിറോസിന് ഒളിവില്‍ കഴിയാന്‍ ആരെല്ലാം സഹായിക്കുകയുണ്ടായി ; അവര്‍ക്കെതിരെ കേസെടുക്കുകയുണ്ടായോ; .

(ഇ)ഒളിവിലായ കാലയളവില്‍ ഫിറോസിന്‍റെ ഫോണുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയുണ്ടായോ ; വിശദമാക്കാമോ ; 

(എഫ്)പോലീസ് സ്റ്റേഷനില്‍ ബൈക്കില്‍ എത്തി കീഴടങ്ങിയ ഫിറോസില്‍നിന്നും ഒളിവ് ജീവിതം സംബന്ധിച്ച് പോലീസ് അനേ്വഷിക്കുകയുണ്ടായോ ; ഒളിവില്‍ കഴിയുന്നതിന് സഹായിച്ച ആര്‍ക്കെല്ലാം എതിരെ പോലീസ് കേസെടുത്തു ;

(ജി)ഫിറോസിനെതിരെ എന്തെല്ലാം കുറ്റങ്ങള്‍ക്ക് എതെല്ലാം വകുപ്പുകള്‍പ്രകാരം കേസെടുത്തിട്ടുണ്ട് ; എത്ര കേസുകള്‍ നിലവില്‍ ഉണ്ട് ; വിശദമാക്കാമോ ?

256

കണ്ണൂരില്‍ മുഖ്യമന്ത്രിയ്ക്കു പരിക്കേല്ക്കാനിടയായ സംഭവത്തില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ 

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

(എ)കണ്ണൂരില്‍ മുഖ്യമന്ത്രിക്ക് പരിക്കേല്ക്കാനിടയായ സംഭവത്തിന്‍റെ മറവില്‍ സോളാര്‍ പ്രശ്നത്തില്‍ ജനാധിപത്യപരമായി കരിങ്കൊടി ഉയര്‍ത്തി പ്രതിഷേധം രേഖപ്പെടുത്തിയ എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും എതിരെ പോലീസ് കള്ളക്കേസുകള്‍ എടുത്തിട്ടുള്ളത് സംബന്ധിച്ച ആക്ഷേപങ്ങള്‍ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)മുഖ്യമന്ത്രിയ്ക്ക് പരിക്കേല്ക്കാനിടയായ സംഭവത്തെ തുടര്‍ന്ന് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ മൊത്തം എത്രപേരെ വിവിധ സ്ഥലങ്ങളില്‍ നിന്നായി അറസ്റ്റ് ചെയ്യുകയുണ്ടായി; തുടര്‍ന്ന് റിമാന്‍റ് ചെയ്യപ്പെട്ടവര്‍ എത്ര; അവര്‍ ആരൊക്കെ; ഓരോരുത്തരും എത്ര ദിവസം ജയിലുകളില്‍ കഴിയേണ്ടിവന്നു; ഇതില്‍ സംഭവ ദിവസം കണ്ണൂര്‍ ടൌണില്‍ ഉണ്ടായിരുന്നിട്ടില്ലാത്തവര്‍ എത്ര; വിശദമാക്കാമോ? 

257

സോളാര്‍ തട്ടിപ്പ് കേസ് 

ശ്രീ. സി. കൃഷ്ണന്‍

(എ)തലശ്ശേരിയിലെ ഡോക്ടര്‍മാരുടെ പരാതിയിന്മേല്‍ 24/5/2013 ല്‍ സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി ശ്രീമതി സരിത എസ്. നായരെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്യുന്നത് തടസ്സപ്പെടുകയുണ്ടായോ; ഇതിനു കാരണം എന്തായിരുന്നുവെന്ന് അന്വേഷണ സംഘം അന്വേഷിക്കുകയുണ്ടായോ; 

(ബി)അറസ്റ്റ് ചെയ്യാന്‍ തലശ്ശേരി പോലീസ് പെരുന്പാവൂരിലേക്ക് പോയ ദിവസം തന്നെ തലശ്ശേരി പോലീസ് സ്റ്റേഷനില്‍ നിന്നും വിവരം ആഭ്യന്തര വകുപ്പ് മന്ത്രിയേയും സരിതയേയും അറിയിച്ചിരുന്നതായുള്ള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം പരിശോധിക്കുകയുണ്ടായോ; 

(സി)സരിത അറസ്റ്റ് ചെയ്യപ്പെടുന്നതിന് മുന്‍പ് എത്ര തവണ ആഭ്യന്തരവകുപ്പ് മന്ത്രിയുമായി ഫോണില്‍ സംസാരിക്കുകയുണ്ടായി; വിശദമാക്കാമോ?

258

മുഖ്യമന്ത്രിക്ക് പരിക്കേറ്റ സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ 

ശ്രീ. ജെയിംസ് മാത്യു

(എ)മുഖ്യമന്ത്രിക്ക് കണ്ണൂരില്‍വച്ച് പരിക്കേല്‍ക്കാനിടയായ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയതു; ഏതെല്ലാം വകുപ്പുകള്‍ പ്രകാരം ഏതെല്ലാം സ്റ്റേഷനില്‍ എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; 

(ബി)മുഖ്യമന്ത്രിക്ക് പരിക്കേല്‍ക്കാനിടയായ സംഭവത്തില്‍ എല്‍.ഡി.എഫ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പേരില്‍ കള്ളക്കേസുകള്‍ എടുത്ത് അറസ്റ്റ് ചെയ്ത് ജയിലുകളില്‍ അടച്ചത് സംബന്ധിച്ച് ഡി.ജി.പി.ക്ക് കണ്ണൂര്‍ ജില്ലയില്‍നിന്നുള്ള എം.എല്‍.എ.മാര്‍ പരാതി നല്‍കിയിട്ടുണ്ടായിരുന്നുവോ; 

(സി)പരാതിയെക്കുറിച്ച് ഡി.ജി.പി. നേരിട്ടന്വേഷിക്കുകയുണ്ടായോ; കള്ളക്കേസുകള്‍ എടുത്ത ഏതെല്ലാം പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരെ ഡി.ജി.പി. നടപടി കൈക്കൊള്ളുകയുണ്ടായി?

259

മുഖ്യമന്ത്രിക്ക് നേരെ കണ്ണൂരില്‍ നടന്ന ആക്രമണം

 ശ്രീ. റ്റി. വി. രാജേഷ്

(എ)കണ്ണൂരില്‍ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടിക്കെതിരെ എല്‍.ഡി.എഫ്. കരിങ്കൊടി കാണിച്ച് പ്രതിഷേധം രേഖപ്പെടുത്തിയ ദിവസം മുഖ്യമന്ത്രിയെ കല്ലെറിഞ്ഞവര്‍ക്കെതിരെ പോലീസ് കേസെടുക്കുകയുണ്ടായോ; എങ്കില്‍ ഏത് വകുപ്പ് പ്രകാരം; വിശദമാക്കാമോ; 

(ബി)ശ്രീ. കുഞ്ഞുമുഹമ്മദ് എന്ന വ്യക്തി കല്ലെറിയുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിക്കുകയുണ്ടായോ; ടിയാനെതിരെ പോലീസ് കേസെടുത്തിട്ടുണ്ടോ; എങ്കില്‍ ഏത് വകുപ്പ് പ്രകാരം; 

(സി)മുഖ്യമന്ത്രിയുടെ കാറില്‍ നിന്നും എത്ര കല്ലുകളാണ് കണ്ടെടുക്കാന്‍ കഴിഞ്ഞിരുന്നത്; 

(ഡി)പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത എത്ര പേര്‍ക്കെതിരെ കല്ലെറിഞ്ഞു എന്ന പേരില്‍ പോലീസ് കേസെടുത്തിട്ടുണ്ട്; എത്രപേരെ അറസ്റ്റ് ചെയ്യുകയുണ്ടായി; അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ആരെങ്കിലും കല്ലെറിഞ്ഞിട്ടുള്ളവരാണെന്ന് തെളിഞ്ഞിട്ടുണ്ടോ; എങ്കില്‍ എത്ര പേര്‍; സംഭവസ്ഥലത്ത് ഇല്ലാത്തവരുടെ പേരിലും കേസെടുക്കാനിടയായ സാഹചര്യം ഉണ്ടായിട്ടുണ്ടോ? എങ്കില്‍ എന്തായിരുന്നു?

260

മുഖ്യമന്ത്രിയുടെ കണ്ണൂര്‍ സന്ദര്‍ശനം സംബന്ധിച്ച ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് 

ശ്രീ. ജെയിംസ് മാത്യു

(എ)മുഖ്യമന്ത്രിയുടെ 2013 ഒക്ടോബര്‍ 27 ന്‍റെ കണ്ണൂര്‍ സന്ദര്‍ശനത്തിന് മുന്‍പായി സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ലഭിച്ച ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടായിരുന്നുവോ ; സന്ദര്‍ശനം സംബന്ധിച്ച ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് എന്തായിരുന്നു ; വിശദമാക്കാമോ ; 

(ബി)തലശ്ശേരിയില്‍ എത്തി കണ്ണൂരിലേക്ക് പുറപ്പെടുന്പോള്‍, മുഖ്യമന്ത്രിക്ക് കണ്ണൂരിലെ സാഹചര്യം സംബന്ധിച്ച് ലഭിച്ചിരുന്ന റിപ്പോര്‍ട്ട് എന്തായിരുന്നു ; ഇതേ തുടര്‍ന്ന് ഡി.ജി.പി. യ്ക്ക് മുഖ്യമന്ത്രി നല്കിയ നിര്‍ദ്ദേശം എന്തായിരുന്നു; വിശദമാക്കുമോ ; 

(സി)ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടായിരുന്നു വെങ്കില്‍ മുഖ്യമന്ത്രി എന്തെല്ലാം മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയുണ്ടായി ; 

(ഡി)മുഖ്യമന്ത്രി സഞ്ചരിച്ച കാറിന്‍റെ പിന്‍സീറ്റിലേക്ക് സുരക്ഷാഭടനെ മാറ്റിയിരുത്തിയത് സുരക്ഷാ ക്രമീകരണത്തിന്‍റെ ഭാഗമായിരുന്നുവോ ?

261

മുഖ്യമന്ത്രിയുടെ കണ്ണൂര്‍ ജില്ലയിലെ ജനസന്പര്‍ക്ക പരിപാടിയ്ക്കുള്ള പോലീസ് വിന്യാസം

 ശ്രീ. ഇ. കെ. വിജയന്‍

(എ)മുഖ്യമന്ത്രിയുടെ ജനസന്പര്‍ക്ക പരിപാടിയുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലയില്‍ എത്ര പോലീസ് സേനാംഗങ്ങളെ വിന്യസിച്ചിരുന്നു; 

(ബി)ആയതിനുവേണ്ടി സര്‍ക്കാര്‍ ഖജനാവില്‍ നിന്നും എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ; 

(സി)ഇത്തരം ചെലവുകള്‍ നേരിടുന്നതിന് ആഭ്യന്തര വകുപ്പിന് പ്രത്യേക അക്കൌണ്ട് ശീര്‍ഷകം നിലവിലുണ്ടോ; 

(ഡി)എങ്കില്‍ പ്രസ്തുത അക്കൌണ്ട് ഹെഡില്‍ 2006 മുതല്‍ 2013 വരെയുള്ള കാലയളവില്‍ അനുവദിച്ച തുകയും ചെലവാക്കിയ തുകയും വര്‍ഷം തിരിച്ച് വിശദമാക്കാമോ?

262

ഗവ. ചീഫ് വിപ്പിന്‍റെ 2013 ഡിസംബര്‍ 15-ലെ പൊതു പരിപാടികള്‍ 

ശ്രീ. എളമരം കരീം

(എ)2013 ഡിസംബര്‍ 15-ലെ ഗവ. ചീഫ് വിപ്പിന്‍റെ പൊതുപരിപാടികള്‍ എന്തെല്ലാമായിരുന്നുവെന്ന് അറിയാമോ;

(ബി)സര്‍ദാര്‍ പട്ടേലിന്‍റെ പ്രതിമ നിര്‍മ്മാണത്തിന്‍റെ പേരില്‍ കോട്ടയത്ത് സംഘടിപ്പിക്കപ്പെട്ട കൂട്ടയോട്ടം പരിപാടിയില്‍ ഗവ. ചീഫ് വിപ്പ് പങ്കെടുത്തതായി അറിയാമോ; 

(സി)ഗവ. ചീഫ് വിപ്പ്, പ്രസ്തുത വേദിയില്‍ ഹാജരായതും മുഖ്യമന്ത്രി മോഡിയുടെ ചിത്രമുള്ള ടീഷര്‍ട്ട് ഉയര്‍ത്തുകയും വില്‍പന ഉദ്ഘാടനം ചെയ്യുകയും ചെയ്തതായി അറിയാമോ; 

(ഡി)പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കുന്നതിന് വേദിയില്‍ എത്താന്‍ ഗവ. ചീഫ് വിപ്പ് ഔദ്യോഗികവാഹനം ഉപയോഗിച്ചിട്ടുണ്ടായിരുന്നുവോ; പ്രസ്തുത പരിപാടി സര്‍ക്കാര്‍ പിന്തുണയുള്ള ഔദ്യോഗിക പരിപാടി ആയിരുന്നുവോ; സര്‍ക്കാര്‍ ഈ പരിപാടിയുമായി സഹകരിക്കാന്‍ പ്രത്യേക തീരുമാനം എടുത്തിട്ടുണ്ടായിരുന്നുവോ?


263

ഗവ. ചീഫ് വിപ്പ് തൊടുപുഴയില്‍ ആക്രമിക്കപ്പെട്ട സംഭവം 

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

(എ)ഗവ. ചീഫ് വിപ്പ് തൊടുപുഴയില്‍ ആക്രമിക്കപ്പെട്ട സംഭവം പോലീസ് അന്വേഷിക്കുകയുണ്ടായോ; സംഭവത്തിനുത്തരവാദികളായ എല്ലാവര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ടോ; പ്രതികള്‍ ആരൊക്കെയാണ്; ഇപ്പോഴും അറസ്റ്റ് ചെയ്യപ്പെടാത്തവര്‍ ആരൊക്കെ; 

(ബി)സംഭവത്തിന്‍റെ സൂത്രധാരന്‍ ആരാണെന്നും ഇക്കാര്യത്തില്‍ ഗൂഡാലോചന നടന്നതെവിടെയായിരുന്നുവെന്നും പോലീസ് അന്വേഷിക്കുകയുണ്ടായോ; 

(സി)കേസിലെ പ്രതികള്‍ സംഭവത്തിന് മുന്പും ശേഷവും നടത്തിയ ഫോണ്‍ വിളികളെ സംബന്ധിച്ച് പോലീസ് അന്വേഷിക്കുകയുണ്ടായോ; ഇക്കാര്യത്തില്‍ നടന്നതായ ഗൂഢാലോചനയില്‍ പങ്കെടുത്തതായി പോലീസ് കരുതുന്നവര്‍ ആരൊക്കെയാണ്?

264

കെ. ടി. ജയകൃഷ്ണന്‍ വധക്കേസ് - സി. ബി. ഐ. അന്വേഷണം 

ശ്രീ. റ്റി. വി. രാജേഷ്

(എ)കെ. ടി. ജയകൃഷ്ണന്‍ വധക്കേസ് പുനരന്വേഷണം നടത്താന്‍ സി. ബി. ഐ. യ്ക്ക് വിട്ടുകൊണ്ട് സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കില്‍ അതിനിടയായ സാഹചര്യം എന്തായിരുന്നു; 

(ബി)പോലീസിന് ലഭിച്ച ഏതെങ്കിലും മൊഴിയുടെ പശ്ചാത്തലത്തിലാണോ ഇത്തരമൊരു തീരുമാനം എടുത്തിരുന്നത്; പ്രസ്തുത മൊഴി പോലീസിന് ലഭിച്ചത് എപ്പോഴായിരുന്നു; പ്രസ്തുത മൊഴി നല്കിയതായി പറയുന്ന വ്യക്തി പിന്നീട് കോടതിയില്‍ ഇത് സംബന്ധമായി നല്കിയ വിവരം എന്തായിരുന്നു; വിശദമാക്കാമോ; 

(സി)മൊഴി നല്കിയതായി പറയുന്ന വ്യക്തി പിന്നീട് കോടതിയില്‍ അക്കാര്യം നിഷേധിച്ചിരിക്കെ, ആ മൊഴിയുടെ അടിസ്ഥാനത്തില്‍ സി. ബി. ഐ. യോട് പുനരന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടത് എന്തടിസ്ഥാനത്തിലായിരുന്നു; 

(ഡി)സാങ്കേതികവും നിയമപരവുമായ ഉപദേശം നല്കിയവര്‍ ആ വസ്തുത പരിഗണിച്ചിട്ടുണ്ടായിരുന്നുവോ; വിശദമാക്കാമോ; 

(ഇ)ഇക്കാര്യത്തിനു മുഖ്യമന്ത്രിയ്ക്ക് ലഭിച്ച സാങ്കേതിക ഉപദേശത്തിന്‍റെയും നിയമ ഉപദേശത്തിന്‍റെയും ഓരോ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ?

265

കോഴിക്കോട് ലീഗ് ഹൌസിനു മുന്‍പിലെ സംഘര്‍ഷം 

ശ്രീമതി കെ.കെ. ലതിക

(എ)കോഴിക്കോട് ലീഗ് ഹൌസിന് മുന്‍പില്‍ മന്ത്രിമാരെ തടയുകയും സംഘര്‍ഷം സൃഷ്ടിക്കുകയും ചെയ്ത പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ടോ; എങ്കില്‍, ആര്‍ക്കെല്ലാം എതിരെ എന്തെല്ലാം വകുപ്പുകള്‍ പ്രകാരമാണ് കേസ്സെടുത്തിട്ടുള്ളത്; പോലീസ് ബലം പ്രയോഗിച്ച് നീക്കിയ എത്ര ലീഗ് പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു; അവര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ടോ; 

(ബി)പ്രസ്തുത സംഭവത്തിലേര്‍പ്പെട്ടവര്‍ ഏതെല്ലാം സംഘടനകളില്‍പ്പെട്ടവരായിരുന്നു; വ്യക്തമാക്കുമോ?

266

കോഴിക്കോട്, മലപ്പുറം ജില്ലകളിലെ അറബിക്കല്ല്യാണം

 ശ്രീമതി കെ. കെ. ലതിക

(എ)കോഴിക്കോട് ജില്ലയിലെ മോണ്ടം സ്വദേശിനിയായ പെണ്‍കുട്ടിയെ കോഴിക്കോട് മുഖദാറിലെ യത്തിംഖാന അധികൃതര്‍ നിര്‍ബന്ധിച്ച് അറബിക്ക് വിവാഹം കഴിപ്പിച്ച് കൊടുത്തത് സംബന്ധിച്ച പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ ; 

(ബി)മലപ്പുറം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുഖേന നല്കിയ പരാതിയിന്മേല്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ ; 

(സി)കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്ന് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അറബിക്കല്ല്യാണങ്ങള്‍ സംബന്ധിച്ച് വിശദമാക്കാമോ ?

267

സെക്രട്ടേറിയറ്റ് ഉപരോധ സമരം 

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

(എ)സെക്രട്ടേറിയറ്റ് ഉപരോധ സമരത്തെ നേരിടാന്‍ സംസ്ഥാനത്തിന് പുറത്തുനിന്നും എന്തെല്ലാം സംവിധാനങ്ങളാണ് ഏര്‍പ്പാടാക്കിയിരുന്നത്; 

(ബി)കേന്ദ്രസേനയെ വിളിക്കാനുള്ള തീരുമാനം ആരുടെതായിരുന്നു; മന്ത്രിസഭ ഇക്കാര്യത്തില്‍ തീരുമാനം എടുത്തിട്ടുണ്ടായിരുന്നുവോ; എങ്കില്‍ എപ്പോള്‍ ആരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു; 

(സി)കേന്ദ്ര സേന എത്ര ദിവസം സംസ്ഥാനത്തുണ്ടായിരുന്നു; ഈ ഇനത്തില്‍ സംസ്ഥാനത്തിന് എന്ത് തുകയാണ് ആകെ ചെലവ് വന്നത്; 

(ഡി)കേന്ദ്ര സേനയെ സംസ്ഥാനത്ത് എവിടെയെല്ലാം വിന്യസിക്കുയുണ്ടായി; വ്യക്തമാക്കുമോ ?

268

ശ്രീ. ജയപ്രസാദിനേറ്റ പോലീസ് മര്‍ദ്ദനം

 ശ്രീ.ബി.സത്യന്‍
 
(എ)മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച് പ്രതിഷേധം അറിയിച്ച ശ്രീ. ജയപ്രസാദ് എന്നയാളെ ക്രൂരമായി മര്‍ദ്ദിച്ചത് സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നുവോ;

(ബി)അന്വേഷണം നടത്തി റിപ്പോര്‍ട്ട് മനുഷ്യാവകാശ കമ്മീഷന് നല്‍കിയത് എപ്പോഴാണ്; പ്രസ്തുത റിപ്പോര്‍ട്ടിന്‍റെ ഒരു പകര്‍പ്പ് ലഭ്യമാക്കാമോ:

(സി)ശ്രീ. ജയപ്രസാദിന്‍റെ ജനനേന്ദ്രിയം തകര്‍ത്ത എസ്.ഐയ്ക്കും പോലീസ്കാരനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നുവോ; ഏതെല്ലാം കുറ്റങ്ങള്‍ ചുമത്തി എതെല്ലാം വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നതെന്ന് വ്യക്തമാക്കാമോ?

269

ശ്രീ. ജയപ്രസാദിനെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെയുള്ള നടപടി 

ശ്രീ. വി. ശിവന്‍കുട്ടി 

(എ)തിരുവനന്തപുരം ജില്ലയിലെ ആനയറയില്‍ 2013 സെപ്റ്റംബര്‍ 4-ന് പ്രതിഷേധസമരത്തില്‍ പങ്കെടുത്ത ശ്രീ. ജയപ്രസാദ് എന്നയാളുടെ ജനനേന്ദ്രീയത്തില്‍ പിടിച്ച് തൊഴിക്കുകയും ലാത്തികൊണ്ട് കുത്തുകയും ചെയ്ത എസ്.ഐ. ശ്രീ. വിജയദാസ് ഇപ്പോഴും പോലീസ് സര്‍വ്വീസില്‍ തുടരുന്നുണ്ടോ ; 

(ബി)ജനനേന്ദ്രീയം തകര്‍ക്കാന്‍ ഇദ്ദേഹത്തോടൊപ്പം കൂട്ടുനിന്ന പോലീസുകാര്‍ ആരൊക്കെയാണ് ; അവര്‍ക്കെതിരെ സ്വീകരിച്ച നടപടി വിശദമാക്കാമോ ;

(സി)പ്രസ്തുത പോലീസുകാര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ ; എങ്കില്‍ എന്തെല്ലാം കുറ്റത്തിന് ഏതെല്ലാം വകുപ്പുകള്‍പ്രകാരമെന്ന് വിശദമാക്കാമോ ?

270

ഫോര്‍ട്ട് പോലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ച സംഭവം 

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

(എ)ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഗര്‍ഭിണിയുടെ ചികിത്സാ ചെലവുമായി വന്ന യുവാക്കളെ തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് അകാരണമായി കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത സംഭവത്തില്‍ എന്തൊക്കെ നടപടികള്‍ ഇതേവരെ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ; 

(ബി)ഇതേ സ്റ്റേഷനില്‍ത്തന്നെ പണത്തിനുവേണ്ടി ഒരാളെ ഉരുട്ടിക്കൊന്ന സംഭവം ഉണ്ടായ കാര്യം ശ്രദ്ധയില്‍വന്നിട്ടുണ്ടോ; ആ കേസ്സിന്‍റെ ഇപ്പോഴത്തെ അവസ്ഥ വ്യക്തമാക്കുമോ; 

(സി)കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്ന പോലീസുദേ്യാഗസ്ഥരെ പിരിച്ചുവിടാന്‍ നിലവില്‍ നിയമമുണ്ടോ; ഇല്ലെങ്കില്‍ അത്തരത്തില്‍ നിയമ നിര്‍മ്മാണം നടത്തുമോ ?


271

കാസര്‍കോട് ജില്ലയിലെ വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ 

ശ്രീ. ഇ. ചന്ദ്രശേഖരന്‍ 


(എ)കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ കാസര്‍കോട് ജില്ലയില്‍ എത്ര വര്‍ഗ്ഗീയ സംഘര്‍ഷങ്ങളാണ് ഉണ്ടായിട്ടുള്ളതെന്നും ഇതുമായി ബന്ധപ്പെട്ട് എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അറിയിക്കുമോ ; 

(ബി)ഇതില്‍ എത്ര കേസുകളില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു ; 

(സി)എത്ര പ്രതികളെ അറസ്റ്റ് ചെയ്തു ; 

(ഡി)എത്ര കേസുകള്‍ പിന്‍വലിച്ചിട്ടുണ്ടെന്നും പിന്‍വലിക്കാനുള്ള കാരണം എന്താണെന്നും വ്യക്തമാക്കാമോ ; 

(ഇ)വര്‍ഗ്ഗീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട് എത്ര കേസുകളില്‍ പ്രതികളെ ശിക്ഷിച്ചിട്ടുണ്ട് എന്ന് അറിയിക്കാമോ ? 

272

കാസര്‍ഗോട് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടായിട്ടുള്ള അക്രമങ്ങള്‍ 

ശ്രീ. ഇ. ചന്ദ്രശേഖരന്‍

(എ)കാസര്‍ഗോട് ജില്ലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടായിട്ടുള്ള അക്രമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 

(ബി)ഇതു സംബന്ധിച്ച് ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എത്ര കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് ; 

(സി)ഏതെല്ലാം കേസുകളിലാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത് ;

(ഡി)ഓരോ കേസിലും ആരൊക്കെയാണ് പ്രതികളെന്നും ആരെയൊക്കെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളതെന്നും വിശദമാക്കാമോ ?


273

ഉദുമ സ്വദേശി ശ്രീ. എം.ബി. ബാലകൃഷ്ണന്‍റെ കൊലപാതകം സംബന്ധിച്ച കേസന്വേഷണം 

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
 
(എ)കാസര്‍ഗോഡ് ജില്ലയില്‍ ഇക്കഴിഞ്ഞ തിരുവോണ നാളില്‍ ഉദുമ മാങ്ങാട് സ്വദേശി ശ്രീ. എം.ബി. ബാലകൃഷ്ണനെ കൊലപ്പെടുത്തിയ സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ഇതു സംബന്ധിച്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ; ആരൊക്കെയാണ് പ്രതികള്‍; എത്ര പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്; എത്ര പേരെ ഇനിയും അറസ്റ്റ് ചെയ്യാനുണ്ട്; വിശദാംശങ്ങള്‍ അറിയിക്കാമോ; 

(സി)കൊല നടത്തിയ സംഭവത്തിലെ ആസൂത്രകരേയും പ്രതികള്‍ക്ക് സംരക്ഷണം നല്‍കിയവരേയും കേസ്സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ; 

(ഡി)ഇനിയും അറസ്റ്റ് ചെയ്യാനുള്ള പ്രതികള്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുള്ളവരാണോ; വിശദാംശങ്ങള്‍ അറിയിക്കാമോ?


274

ശ്വേതാമേനോന്‍റെ പരാതിയിന്മേല്‍ നടപടി

 ശ്രീ. ആര്‍. രാജേഷ്

(എ)കൊല്ലത്ത് പൊതുവേദിയില്‍ ശ്രീമതി ശ്വേതാമേനോന്‍ അപമാനിതയായ സംഭവത്തില്‍ സ്ഥലം എം.പി. ക്കെതിരെ ലഭിച്ച് പരാതികള്‍ ഏതൊക്കെയായിരുന്നു. പരാതി നേരില്‍ കേട്ട ജില്ലാ കളക്ടര്‍ സ്വീകരിച്ച നടപടി എന്തായിരുന്നു; 
(ബി)ഏതെല്ലാം പരാതികള്‍ സംബന്ധിച്ച് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയുണ്ടായി;
(സി)ശ്രീമതി ശ്വേതാമേനോന്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസ് ഏതായിരുന്നു; ഏതെല്ലാം വകുപ്പുകള്‍ അനുസരിച്ചാണ് കേസ്സെടുത്തിരുന്നത്; പ്രസ്തുത കേസ്സിന്‍റെ എഫ്. ഐ. ആറിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ; 
(ഡി)കേസുകളുടെ നിജസ്ഥിതി വിശദമാക്കാമോ;

275

ശ്രീമതി ശ്വേതാമേനോന്‍റെ പരാതി 

ശ്രീ. പി. കെ. ഗുരുദാസന്‍

(എ)കൊല്ലത്ത് പൊതുവേദിയില്‍ അപമാനിതയായ ശ്രീമതി ശ്വേതാമേനോന്‍ കൊല്ലം പാര്‍ലമെന്‍റ് അംഗത്തിന്‍റെ ഭാഗത്തു നിന്നുണ്ടായതായി പറയപ്പെടുന്ന പ്രവൃത്തിയെ സംബന്ധിച്ച് ജില്ലാകളക്ടറോട് പരാതി പറയുകയുണ്ടായോ; 

(ബി)പരാതി കേട്ട കളക്ടര്‍ ഐ.പി.സി. 202-ാം വകുപ്പ് പ്രകാരം രേഖപ്പെടുത്തി, ഉടന്‍ പോലീസില്‍ കൈമാറുകയുണ്ടായോ; ഇല്ലെങ്കില്‍ കാരണമെന്ത്; 

(സി) ഇക്കാര്യത്തില്‍ കൃത്യവിലോപം കാണിച്ച ജില്ലാകളക്ടര്‍ ക്കെതിരെ സര്‍ക്കാരില്‍ പരാതി ലഭിക്കുകയുണ്ടായോ; എങ്കില്‍ അതിന്മേല്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടി എന്തായിരുന്നു? 

276

കടകംപള്ളി വില്ലേജിലെ ഭൂമി തട്ടിപ്പ് കേസ് 

ശ്രീ. എം. എ. ബേബി 
'' ബി. സത്യന്‍ 
'' കെ. രാധാകൃഷ്ണന്‍ 
'' എം. ഹംസ

(എ)തണ്ടപ്പേരില്‍ കൃത്രിമം കാണിച്ച് കടകംപള്ളി വില്ലേജിലെ ഭൂമി തട്ടിപ്പ് നടത്തിയ കേസിന്‍റെ അനേ്വഷണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; 

(ബി)കേസിലെ പ്രതിയുടെ ഫോണ്‍ രേഖകള്‍ പിടിച്ചെടുക്കാന്‍ കഴിയുകയില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിക്കുകയുണ്ടായോ; ഇതിന്മേല്‍ കോടതി എന്തായിരുന്നു നിര്‍ദ്ദേശിച്ചിരിക്കുന്നത്; വിശദമാക്കുമോ; 

(സി)കോടതിയെ ബോധിപ്പിക്കുന്നതിന് മുന്പായി സര്‍ക്കാര്‍ ഡി.ജി.പി.യുടേയോ വിജിലന്‍സ് ഡയറക്ടറുടേയോ അഭിപ്രായം തേടിയിട്ടുണ്ടായിരുന്നുവോ; 

(ഡി)പ്രതി ശ്രീ. സലിംരാജിന്‍റെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഫോണ്‍വിളി സംബന്ധിച്ച പട്ടിക ഡി.ജി.പി.യുടെയും ഇന്‍റലിജന്‍സ് മേധാവിയുടെയും കൈവശമുണ്ടായിരുന്നുവോ; ഇക്കാര്യം കോടതിയില്‍ മറച്ചുവച്ചത് ആരെയോ സംരക്ഷിക്കാന്‍ ആണ് എന്ന തരത്തില്‍ ആക്ഷേപം ഉണ്ടായിട്ടുണ്ടെന്ന കാര്യം അറിയാമോ; 

(ഇ)മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ ശ്രീ. സലിംരാജ് മുഖ്യമന്ത്രിയായാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതെന്ന് കേരള ഹൈക്കോടതി വിമര്‍ശിച്ചിട്ടുള്ളത് സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

277

മുഖ്യമന്ത്രിയ്ക്ക് നേരെ കരിങ്കൊടി കാണിച്ചപ്രതിക്ഷേധിച്ചവര്‍ക്ക് നേരെയുണ്ടായ പോലീസ് ലാത്തിച്ചാര്‍ജ് 

ശ്രീ. വി. ശിവന്‍കുട്ടി

(എ)2013 സെപ്റ്റംബര്‍ 4ന് തിരുവനന്തപുരം ജില്ലയിലെ ആനയറ ഹോര്‍ട്ടികോര്‍പ്പിന്‍റെ ജില്ലാ സംഭരണ കേന്ദ്രം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിയ്ക്ക് നേരെ കരിങ്കൊടി കാണിച്ച് പ്രതിഷേധം പ്രകടിപ്പിച്ചവര്‍ക്ക് നേരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജിന് നേതൃത്വം നല്‍കിയ പോലീസ് ഉദ്ദേ്യാഗസ്ഥന്മാര്‍ ആരൊക്കെയായിരുന്നു; എത്ര പോലീസുകാര്‍ക്ക് പ്രസ്തുത കേന്ദ്രത്തില്‍ ഡ്യൂട്ടി ഉണ്ടായിരുന്നു; വിശദമാക്കുമോ; 

(ബി)പ്രതിഷേധ സമരത്തില്‍ പങ്കെടുത്തവര്‍ക്ക് നേരെ നിയമവിരുദ്ധമായി പെരുമാറിയ പോലീസുകാര്‍ ആരൊക്കെയായിരുന്നു; 

(സി)മര്‍ദ്ദനത്തില്‍ പരിക്ക് പറ്റിയവര്‍ ആരൊക്കെയായിരുന്നു; 

(ഡി)സമരത്തില്‍ പങ്കെടുത്ത യുവാവിന്‍റെ ജനനേന്ദ്രിയത്തില്‍ പിടിക്കുകയും ചവിട്ടുകയും ചെയ്ത പോലീസുകാര്‍ ആരൊക്കെയായിരുന്നു; 

(ഇ)നിയമ വിരുദ്ധമായി പ്രവൃത്തിച്ച പോലീസുകാര്‍ക്കെതിരെ എന്തെല്ലാം നടപടി സ്വീകരിക്കുകയുണ്ടായി; വിശദമാക്കുമോ? 

278

ക്വാര്‍ട്ടേഴ്സുകളില്‍ അനധികൃതമായി താമസിക്കുന്നവരെ ഒഴിപ്പിക്കുന്നതിന് നടപടി 

ശ്രീ. എം. ഉമ്മര്‍

(എ)തിരുവനന്തപുരം സിറ്റി പോലീസ് ചീഫിന്‍റെ അധികാരപരിധിയിലുള്ള ക്വാര്‍ട്ടേഴ്സുകളില്‍ അനധികൃതമായി താമസിക്കുന്നവരെ ഒഴിപ്പിക്കുന്നതിന് നോട്ടീസ് നല്‍കിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ; 

(ബി)നോട്ടീസ് നല്‍കിയിട്ടും ഒഴിഞ്ഞുപോകാത്ത എത്ര ജീവനക്കാരുണ്ട്; വിശദമാക്കാമോ;

(സി)പ്രസ്തുത ഉദേ്യാഗസ്ഥര്‍ക്കെതിരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; 

(ഡി)അര്‍ഹരായവര്‍ക്ക് ക്വാര്‍ട്ടേഴ്സ് അനുവദിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം നല്‍കുമോ?

279

എം.ജി. കോളേജിന് നേരെയുള്ള ആക്രമണങ്ങള്‍ 

ശ്രീ. ആര്‍. രാജേഷ് 
,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍ 
,, ബി. സത്യന്‍ 
,, വി. ശിവന്‍കുട്ടി

(എ)തിരുവനന്തപുരം എം. ജി. കോളേജില്‍ ഏതാനും സാമൂഹ്യവിരുദ്ധര്‍ നടത്തിയ ആക്രമണങ്ങളെ സംബന്ധിച്ച് പോലീസ് പ്രത്യേക സംഘം അന്വേഷണം നടത്തിയിട്ടുണ്ടോ; എങ്കില്‍ എത്ര പേര്‍ക്കെതിരെ ഏതെല്ലാം വകുപ്പുകളില്‍ കേസ് എടുക്കുകയുണ്ടായി; 

(ബി)സാമൂഹ്യവിരുദ്ധര്‍ നടത്തിയ അഴിഞ്ഞാട്ടങ്ങളെ ചെറുത്ത അദ്ധ്യാപകരുടെ വീടുകള്‍ തെരഞ്ഞുപിടിച്ച് ആക്രമണങ്ങള്‍ അഴിച്ചുവിട്ടതും അന്വേഷിക്കുകയുണ്ടായോ; 

(സി)സാമൂഹ്യദ്രോഹികളെ നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരുന്നതിനും കോളേജിനെയും അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളെയും സംരക്ഷിക്കുന്നതിനും നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?

280

സുനീഷ് കുമാറിനെതിരെയുള്ള പോലീസ് മര്‍ദ്ദനം           

ശ്രീ. എം. ഉമ്മര്‍


(എ)ചില പോലീസ് ഉദ്യോഗസ്ഥരുടെ വൈരനിര്യാതന നടപടികള്‍ക്കിരയായ തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി ശ്രീ. സുനീഷ് കുമാറിന്‍റെ പരാതിയിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ; 

(ബി)ഈ യുവാവിനെ അകാരണമായി മര്‍ദ്ദിച്ചതിനും കേസെടുത്തതിനുമെതിരെ നാല് പോലീസുദ്യോഗസ്ഥര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടിക്ക് ഉത്തരവ് നല്‍കിയിരുന്നോ; എങ്കില്‍ എന്നാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് വ്യക്തമാക്കുമോ; 

(സി)ഇതു പ്രകാരം ബന്ധപ്പെട്ട പോലീസുദ്യോഗസ്ഥര്‍ക്കെതിരെ എന്തൊക്കെ നടപടികള്‍ ഇതുവരെ സ്വീകരിച്ചിട്ടുണ്ട്; ഇവര്‍ക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ; 

(ഡി)പ്രതികാര നടപടിക്കിരയായ ഈ യുവാവിന് നഷ്ടപരിഹാരം നല്‍കാനും, തുക ഉത്തരവാദികളില്‍ നിന്നും ഈടാക്കാനും നടപടി സ്വീകരിക്കുമോ?

281

യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ്സ് സെന്‍റര്‍ ആക്രമണ കേസ്

 ശ്രീ. ബി സത്യന്‍

(എ)കേരള യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ്സ് സെന്‍ററില്‍ അതിക്രമിച്ചുകടന്ന് അവിടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥികളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത് സംബന്ധിച്ച് കേസ് അന്വേഷണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; 

(ബി)ആക്രമണത്തില്‍ എത്ര പേര്‍ക്ക് പരിക്ക് പറ്റിയിരുന്നു; ആക്രമണ സംഘത്തില്‍പ്പെട്ടവര്‍ എത്ര പേരായിരുന്നു; എത്ര പേരെ അറസ്റ്റ് ചെയ്യുകയുണ്ടായി; ഏതെല്ലാം വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്; 

(സി)അക്രമികള്‍ക്ക് ഏതെങ്കിലും സംഘടനയുമായി ബന്ധമുണ്ടോ; എങ്കില്‍ വിശദമാക്കാമോ?

282

നെയ്യാറ്റിന്‍കര നിയോജക മണ്ധലത്തിലെ കുളത്തൂര്‍ ടെക്നിക്കല്‍ സ്കൂളിലെ സാധനസാമഗ്രികളുടെ കടത്തല്‍

 ശ്രീ. ആര്‍. സെല്‍വരാജ്

(എ)നെയ്യാറ്റിന്‍കര നിയോജക മണ്ധലത്തിലെ കുളത്തൂര്‍ ടെക്നിക്കല്‍ സ്കൂളിലെ സാധനസാമഗ്രികള്‍ 06.12.2013 -ല്‍ സാമൂഹ്യവിരുദ്ധര്‍ കടത്തിക്കൊണ്ട് പോയത് സംബന്ധിച്ച് ഏതെങ്കിലും കേസ് പൊഴിയൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത കേസിന്‍റെ എഫ്. ഐ.ആര്‍ ന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ; 

(ബി) പ്രസ്തുത സാധനങ്ങള്‍ കടത്തിയതിലൂടെ എത്ര രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; ഇതിനെതിരെ പോലീസ് സ്വീകരിച്ചിട്ടുള്ള നടപടി എന്തെല്ലാമെന്ന് വ്യക്തമാക്കാമോ; 

(സി)ടെക്നിക്കല്‍ സ്കൂളിലെ സ്റ്റോക്ക് രജിസ്റ്റര്‍ പ്രകാരമുള്ള എല്ലാ വസ്തുവകകളും നിലവില്‍ പ്രസ്തുത സ്ഥാപനത്തില്‍ ഉണ്ടോ എന്ന് ഭൌതിക പരിശോധനയിലൂടെ പോലീസ് മഹസ്സര്‍ തയ്യാറാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇപ്രകാരം നഷ്ടപ്പെട്ടതും, കേടുപാടുകള്‍ സംഭവിച്ചിട്ടുള്ളതുമായ വസ്തുവകകളുടെ കണക്കും ഇതിലൂടെ സര്‍ക്കാരിനുണ്ടായിട്ടുള്ള നഷ്ടവും പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയറെക്കൊണ്ട് തിട്ടപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ; 

(ഡി) ഇത് സംബന്ധിച്ച് പോലീസിന് ലഭ്യമായ ടെക്നിക്കല്‍ സ്കൂള്‍ മേധാവിയുടെ സ്റ്റേറ്റ്മെന്‍റിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ;

(ഇ) ഈ വിഷയത്തില്‍ 07.12.2013 -ല്‍ പാറശ്ശാല പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് സ്ഥലം എം.എല്‍.എ ഇ-മെയില്‍ മുഖാന്തിരം നല്‍കിയ പരാതി വകുപ്പിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(എഫ്)ഈ കേസ്സില്‍ എത്ര പ്രതികളെ പോലീസ് പിടികൂടിയിട്ടുണ്ട്; ഇതിലെ പ്രതികള്‍ ആരെല്ലാമാണ്; ഇവരുടെ താമസസ്ഥലം എവിടെയാണെന്നും, ഇവര്‍ക്ക് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമുണ്ടോ എന്നും, ഇവരില്‍ എത്രപേര്‍ക്ക് സര്‍ക്കാര്‍ ജോലിയുണ്ടെന്നുമുള്ള വിശദവിവരം ലഭ്യമാക്കാമോ; 

(ജി)ഈ കേസില്‍ പോലീസ് പറയുന്ന കണ്ടാലറിയാവുന്ന പ്രതികള്‍ ആരെല്ലാമെന്ന് വ്യക്തമാക്കാമോ; ഇതില്‍ കുളത്തൂര്‍ ടെക്നിക്കല്‍ സ്കൂളിലെ ജീവനക്കാരുണ്ടോ; എങ്കില്‍ ആരെല്ലാമാണെന്ന് വ്യക്തമാക്കാമോ; ഏതെല്ലാം ദിവസം പോലീസ് പ്രതികളെ പിടിക്കാന്‍ പരിശോധന നടത്തിയെന്നും, ഇതിന് ചുമതല വഹിച്ച ഉദ്യോഗസ്ഥര്‍ ആരൊക്കെയാണെന്നും വ്യക്തമാക്കുമോ?

283

ലാല്‍ജി കൊള്ളന്നൂര്‍ പ്രേംജി, മധു ഈച്ചരത്ത് കൊലപാതക/കൊലപാതകശ്രമ കേസുകളില്‍ അന്വേഷണം 

ശ്രീ. ബി.ഡി. ദേവസ്സി

(എ)കെ.പി.സി.സി ന്യൂനപക്ഷസെല്‍ ജില്ലാ കണ്‍വീനര്‍ കൂടിയായിരുന്ന ലാല്‍ജി കൊള്ളന്നൂരിനെ കൊലപ്പെടുത്തിയ കേസില്‍ എത്ര പേരെ അറസ്റ്റ് ചെയ്യുകയുണ്ടായി;

(ബി)യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടിരുന്ന പ്രേംജിയെ വിഷു ദിനത്തില്‍ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ ആരൊക്കെയായിരുന്നു; പോലീസ് ആരെയൊക്കെ അറസ്റ്റ് ചെയ്യുകയുണ്ടായി; 

(സി)കോണ്‍ഗ്രസ്സ് നേതാവ് മധു ഈച്ചരത്തിനെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ ആരൊക്കെയായിരുന്നു; പോലീസ് ആരെയൊക്കെ അറസ്റ്റ് ചെയ്തിട്ടുണ്ട്; 

(ഡി)രാഷ്ട്രീയ മത്സരവും ഗൂഡാലോചനയും പ്രസ്തുത കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ഉണ്ടായിരുന്നുവോ; പോലീസ് ആ കാര്യങ്ങള്‍ അന്വേഷിക്കുകയുണ്ടായോ; കൊലപാതക കേസുകളിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ ആരൊക്കെയായിരുന്നു?

284

വെളിയനാട് പഞ്ചായത്തിലെ പൈപ്പ്ലൈന്‍ നശിപ്പിച്ച കേസ്

 ശ്രീ. തോമസ് ചാണ്ടി

(എ)കുടിവെള്ള വിതരണം തടസ്സപ്പെടുത്തുന്നത് ലക്ഷ്യവച്ച് വെളിയനാട് പഞ്ചായത്തില്‍ ആറിനടിയിലൂടെ സ്ഥാപിച്ചിരുന്ന പൈപ്പ്ലൈന്‍ നശിപ്പിച്ച സാമൂഹ്യവിരുദ്ധരെ നാളിതുവരെ അറസ്റ്റ് ചെയ്യാന്‍ കഴിയാത്തതിന്‍റെ കാരണം വിശദമാക്കുമോ ; 

(ബി)പൊതുമുതല്‍ നശിപ്പിച്ച് കുടിവെള്ള വിതരണം തടസ്സപ്പെടുത്തിയ പ്രസ്തുത സാമൂഹ്യവിരുദ്ധര്‍ക്കെതിരെ ഏതെല്ലാം വകുപ്പുകള്‍ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ; 

(സി)പ്രസ്തുത പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് ഇതുവരെ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ ?

285

കണ്ണൂര്‍ ജില്ലയിലെ ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ നടപടി

 ശ്രീ. റ്റി. വി. രാജേഷ്

(എ)കണ്ണൂര്‍ ജില്ലയില്‍ ബ്ലേഡ്-ക്വട്ടേഷന്‍ സംഘങ്ങളും പോലീസ് ഉദേ്യാഗസ്ഥന്‍മാരും കോണ്‍ഗ്രസ് നേതാവിന്‍റെ സംരക്ഷണത്തില്‍ പ്രവൃത്തിക്കുന്നു എന്ന ആക്ഷേപം ഉന്നയിച്ചുകൊണ്ട് ക്വട്ടേഷന്‍ സംഘത്തിന്‍റെ ക്രൂരമര്‍ദ്ദനത്തിനിരയായ ശ്രീ. കെ. നാരായണന്‍ പോലീസിന് പരാതി നല്കിയിട്ടുണ്ടോ; എങ്കില്‍ പരാതിയിലും അത് സംബന്ധിച്ച് പുറത്തുവന്ന വാര്‍ത്തയിലും ഉന്നയിക്കപ്പെട്ട കാര്യങ്ങള്‍ സംബന്ധിച്ച് പോലീസ് അനേ്വഷണം നടത്തിയിട്ടുണ്ടോ; എങ്കില്‍ എത്ര കേസുകള്‍ ആര്‍ക്കെല്ലാം എതിരെ എടുത്തിട്ടുണ്ട്; ഏതെല്ലാം വകുപ്പുകള്‍ പ്രകാരം; വിശദമാക്കുമോ; 

(ബി)ക്വട്ടേഷന്‍ സംഘം ക്യാന്പ് നടത്തിയ സ്ഥലത്തേയും ക്യാന്പില്‍ പങ്കെടുത്തവരെയും ഇതിന് നേതൃത്വം നല്കിയവരെയുമെല്ലാം അനേ്വഷണത്തിന്‍റെ ഭാഗമായി പുറത്ത് കൊണ്ടുവരാന്‍ സാധ്യമായിട്ടുണ്ടോ; വിശദമാക്കാമോ? 

286

അങ്കമാലിയില്‍ ട്രാഫിക് പോലീസ് സ്റ്റേഷന്‍ 

ശ്രീ. ജോസ് തെറ്റയില്‍

(എ)2006-2012 കാലയളവില്‍ അങ്കമാലി, കാലടി, നെടുന്പാശ്ശേരി സര്‍ക്കിള്‍ സ്റ്റേഷനുകളുടെ , 337, 338, 304 () തുടങ്ങിയ വിവിധ വകുപ്പുകള്‍ പ്രകാരം എത്ര വാഹന അപകടങ്ങളും ട്രാഫിക് കുറ്റകൃത്യങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് വിശദമാക്കാമോ; 

(ബി)ഈ മൂന്നു സര്‍ക്കിള്‍ സ്റ്റേഷനുകളുടെ പരിധിയിലുണ്ടായ വാഹനപകടങ്ങളുടെയും ട്രാഫിക് കുറ്റകൃത്യങ്ങളുടെയും ബാഹുല്യവും വര്‍ദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്കും കണക്കിലെടുത്ത് എം. സി. റോഡും ദേശീയപാതയും സംഗമിക്കുന്ന അങ്കമാലിയില്‍ ഒരു ട്രാഫിക് പോലീസ് സ്റ്റേഷന്‍ ആരംഭിക്കുന്നതിനായി സമര്‍പ്പിച്ച നിവേദനത്തില്‍ സ്വീകരിച്ചിട്ടുള്ള നടപടി എന്തെന്ന് വ്യക്തമാക്കാമോ; 

(സി)ഈ നിവേദനത്തിന്‍റെ അടിസ്ഥാനത്തില്‍ ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ; 

(ഡി)എങ്കില്‍ ഈ റിപ്പോര്‍ട്ടില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; സ്വീകരിച്ച നടപടി എന്തെന്ന് വ്യക്തമാക്കാമോ;

(ഇ)ട്രാഫിക് സ്റ്റേഷന്‍ എന്നേക്ക് തുടങ്ങുവാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?

287

നെല്ലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിനെ മര്‍ദ്ദിച്ച കേസ്

 ശ്രീ. കെ.എന്‍.എ ഖാദര്‍

(എ)തിരുവനന്തപുരം ജില്ലയിലെ നെല്ലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി അനിതാമഹേശനെ മര്‍ദ്ദിച്ചതായി ആരോപിക്കപ്പെടുന്ന സംഭവത്തില്‍ പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ടോ; 

(ബി)എങ്കില്‍ ഏതൊക്കെ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്; പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടോ; പ്രതികള്‍ ഏത് രാഷ്ടീയ പാര്‍ട്ടിയില്‍പ്പെട്ടവരാണ്; 

(സി) ഒരു വനിതാ ജനപ്രതിനിധിയുടെ അഭിപ്രായ സ്വാതന്ത്ര്യം തടഞ്ഞുകൊണ്ടും സ്ത്രീത്വത്തെ അപമാനിച്ചുകൊണ്ടും നടത്തിയ ആക്രമണത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമോ?

288

പട്ടാന്പി പോലീസ് സ്റ്റേഷന്‍ വിഭജനം 

ശ്രീ. സി. പി. മുഹമ്മദ്

(എ)പാലക്കാട് ജില്ലയിലെ പട്ടാന്പി പോലീസ് സ്റ്റേഷന്‍ വിഭജിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ ലഭിച്ചിട്ടുണ്ടോ ; 

(ബി)പട്ടാന്പി പോലീസ് സ്റ്റേഷന്‍ വിഭജിച്ച് കൊപ്പം ആസ്ഥാനമാക്കി പോലീസ് സ്റ്റേഷന്‍ ആരംഭിക്കുന്നകാര്യം അടിയന്തരമായി പരിഗണിക്കുമോ ?

289

കരുനാഗപ്പള്ളിയില്‍ ട്രാഫിക് യൂണിറ്റ് അനുവദിക്കുന്നതിന് നടപടി 

ശ്രീ. സി. ദിവാകരന്‍

നാഷണല്‍ ഹൈവേയില്‍ ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങള്‍ നടക്കുന്ന കരുനാഗപ്പള്ളി പ്രദേശത്ത് ഒരു ട്രാഫിക് യൂണിറ്റ് അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കാമോ?

290

അഗ്നിശമന സേനയുടെ നവീകരണം

 ശ്രീ. കെ. രാജു

(എ)സംസ്ഥാന അഗ്നിശമനസേനാ വിഭാഗത്തിന്‍റെ പക്കലുള്ള പല ജീവന്‍ രക്ഷാ ഉപകരണങ്ങളും കാലപ്പഴക്കത്താല്‍ ഉപയോഗശൂന്യമായതാണെന്നും ഇവ അത്യാഹിത സന്ദര്‍ഭങ്ങളില്‍ ഉപയോഗത്തിന് യോജ്യമല്ലെന്നുമുള്ള വസ്തുത സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)പ്രസ്തുത ഉപകരണങ്ങളുടെ നിലവിലെ പ്രവര്‍ത്തനക്ഷമത വിലയിരുത്തപ്പെടാറുണ്ടോ എന്നു വ്യക്തമാക്കുമോ; 

(സി)ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ ഉപയോഗയുക്തമാക്കുന്നതിനും പുതിയത് അനുവദിക്കുന്നതിനുമുള്ള സത്വര നടപടികള്‍ സ്വീകരിക്കുമോ ?

291

പട്ടാന്പി ഫയര്‍ സ്റ്റേഷന്‍ കെട്ടിടം 


ശ്രീ. സി. പി. മുഹമ്മദ്

(എ)2013-2014 ബഡ്ജറ്റില്‍ നിര്‍ദ്ദേശിക്കപ്പെട്ട പട്ടാന്പി ഫയര്‍ സ്റ്റേഷന്‍ കെട്ടിടം നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ ; 

(ബി)ഫയര്‍ സ്റ്റേഷന്‍ ആരംഭിക്കുന്നതിന് താത്ക്കാലിക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ എന്നത്തേയ്ക്ക് പ്രവര്‍ത്തനം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത് എന്നു വ്യക്തമാക്കുമോ ?

292

മങ്കട നിയോജകമണ്ധലത്തില്‍ ഫയര്‍ സ്റ്റേഷന്‍ 

ശ്രീ. റ്റി.എ. അഹമ്മദ് കബീര്‍
 
(എ)മങ്കട നിയോജകമണ്ധലത്തില്‍ ഫയര്‍ സ്റ്റേഷന്‍ ആരംഭിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത ആവശ്യത്തിന്‍മേല്‍ അനുകൂലമായ തീരുമാനം സ്വീകരിക്കുമോ?

293 ചക്കിട്ടപാറയിലെ ഇരുന്പയിര ്ഖനനം 

ശ്രീ. എ. പി. അബ്ദുള്ളക്കുട്ടി 
,, സണ്ണി ജോസഫ് 
,, ബെന്നി ബെഹനാന്‍ 
,, ഐ. സി. ബാലകൃഷ്ണന്‍ 

(എ)കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് കോഴിക്കോട് ജില്ലയില്‍ ചക്കിട്ടപാറയില്‍ ഖനനത്തിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം നടത്താന്‍ തീരുമാനിച്ചിട്ടുണ്ടോ; 

(ബി)എങ്കില്‍ ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ എന്തൊക്കെയാണ്;

(സി)അന്വേഷണത്തിന് ബന്ധപ്പെട്ട വകുപ്പില്‍ നിന്ന് ശുപാര്‍ശ ലഭിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാമാണ്; 

(ഡി)ഏതെല്ലാം കാര്യങ്ങളാണ് അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്; 

(ഇ)അന്വേഷണത്തിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

294

വിജിലന്‍സ് കേസ് അന്വേഷണ വിവരങ്ങള്‍ 

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

(എ)വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ അന്വേഷണ വിവരങ്ങളും വിശദാംശങ്ങളും മന്ത്രിമാരുമായി പങ്ക് വയ്ക്കാറുണ്ടോ; എങ്കില്‍, അതിന് അനുവദിക്കുന്ന നിയമ വ്യവസ്ഥകള്‍ വിശദമാക്കാമോ; 

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഏതെല്ലാം വിജിലന്‍സ് കേസുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ മന്ത്രിമാരുമായി വിജിലന്‍സ് അധികൃതര്‍ പങ്ക് വയ്ക്കുകയുണ്ടായി; വിശദമാക്കാമോ; 

(സി)ഇത്തരം പങ്കുവെയ്ക്കലുകള്‍ അന്വേഷണത്തില്‍ ഇടപെടുന്നതിനും അധികാര ദുര്‍വിനിയോഗത്തിനും ഇടയാക്കിയിട്ടുള്ളതായി അറിയാമോ; 

(ഡി)സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ടുന്ന വിജിലന്‍സ് വകുപ്പ് ഉദ്യോഗസ്ഥന്മാര്‍ മന്ത്രിമാരുടെ ഓഫീസുകളില്‍ കയറി ഇറങ്ങുന്നതും കേസ് അന്വേഷണ കാര്യങ്ങള്‍ പങ്കുവയ്ക്കുന്നതും ഉചിതമാണോ?

295

ഹാരിസണ്‍ മലയാളം ലിമിറ്റഡിനെതിരെയുള്ള വിജിലന്‍സ് അനേ്വഷണം

 ശ്രീ. പുരുഷന്‍ കടലുണ്ടി
 
(എ)ഹാരിസണ്‍ മലയാളം ലിമിറ്റഡ് എന്ന സ്ഥാപനം വ്യാജ രേഖകളും ഭൂപടങ്ങളും ഉപയോഗിച്ച് എസ്റ്റേറ്റുകള്‍ കൈവശം വെച്ച് വരുന്നത് സംബന്ധിച്ച വിജിലന്‍സ് അനേ്വഷണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണ് ; 

(ബി)ഹാരിസണിന്‍റെ കൈവശം ഇരിക്കുന്ന മൊത്തം ഭൂമി എത്ര ഏക്കറാണ് ; 

(സി)വിജിലന്‍സ് അനേ്വഷണ റിപ്പോര്‍ട്ട് കേരള ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ടോ ; റിപ്പോര്‍ട്ടിന്‍റെ ഒരു പകര്‍പ്പ് ലഭ്യമാക്കാമോ ?

296

ഹാരിസണ്‍ മലയാളം കന്പനിക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണം 

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍ 

(എ)വ്യാജരേഖ ചമച്ച് ഹാരിസണ്‍ മലയാളം കന്പനി ഭൂമി കൈവശം വെച്ചിരിക്കുന്നതു സംബന്ധിച്ച വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായിട്ടുണ്ടോ; 

(ബി)അന്വേഷണം ആരംഭിച്ചതിനുശേഷം അന്വേഷണ ചുമതലയുണ്ടായിരുന്ന ഏതെല്ലാം ഉദ്യോഗസ്ഥരെ അന്വേഷണത്തില്‍ നിന്നും മാറ്റുകയുണ്ടായി; 

(സി)അന്വേഷണത്തെത്തുടര്‍ന്ന് വിജിലന്‍സ് വകുപ്പ് സ്വീകരിച്ച നടപടി വെളിപ്പെടുത്താമോ; 

(ഡി)അന്വേഷണത്തിന്‍റെ ഭാഗമായി എത്രപേരെ ഇതിനകം ചോദ്യം ചെയ്യുകയുണ്ടായി; കൈവശരേഖകളില്‍ കൃത്രിമമായി സൃഷ്ടിച്ചവ ഏതൊക്കെയാണെന്നു തെളിയുകയുണ്ടായി; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ? 

297

ഹാരിസണ്‍ മലയാളം കന്പനിയ്ക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണം 

ശ്രീ. രാജു എബ്രഹാം

(എ)അനധികൃതമായി സര്‍ക്കാര്‍ ഭൂമി കൈവശം വെച്ച് വരുന്നത് സംബന്ധിച്ച ഹാരിസണ്‍ മലയാളം കന്പനിയ്ക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായിട്ടുണ്ടോ; 

(ബി)അന്വേഷണം ആരംഭിച്ചത് എപ്പോഴായിരുന്നു; അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ ആരൊക്കെ; വിജിലന്‍സ് അന്വേഷണം ആരംഭിച്ചതിനു ശേഷം ഇന്നുവരെ ഏതെല്ലാം അന്വേഷണ ഉദ്യോഗസ്ഥന്മാരെ മാറ്റിയിട്ടുണ്ട്; 

(സി)ഹാരിസണ്‍ കന്പനിയെ അന്യായമായി സഹായിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനെത്തന്നെ മാറ്റി എന്ന പത്രവാര്‍ത്ത സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ?

298

സോളാര്‍ കേസിലെ പ്രതിയുടെ മൊഴി 

ശ്രീ. എസ്. ശര്‍മ്മ 

(എ)സോളാര്‍ തട്ടിപ്പ് കേസ് പ്രതി ശ്രീമതി സരിത എസ്. നായര്‍ എറണാകുളം അഡീഷണല്‍ ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് മുന്പാകെ നല്കിയ മൊഴി രേഖപ്പെടുത്തിയില്ലെന്ന പരാതി സംബന്ധിച്ച് അനേ്വഷണം നടത്തിയ ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാറുടെ അനേ്വഷണ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ ; അതിന്‍റെ ഒരു പകര്‍പ്പ് സഭയുടെ മേശപ്പുറത്ത് ലഭ്യമാക്കുമോ ; 

(ബി)ശ്രീമതി സരിത എസ്. നായര്‍ നല്കിയ 22 പേജുള്ള പരാതി തന്‍റെ പക്കല്‍ ഉണ്ടെന്ന വിവരം സരിതയുടെ അഭിഭാഷകനായ അഡ്വക്കേറ്റ് ഫെനി ബാലകൃഷ്ണന്‍ വെളിപ്പെടുത്തിയത് സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിരുന്നുവോ ; തല്‍സമയം പ്രസ്തുത പരാതി എന്താണെന്നറിയാനോ, കൈവശപ്പെടുത്താനോ, അനേ്വഷണസംഘമോ സര്‍ക്കാരോ ശ്രമം നടത്തുകയുണ്ടായോ ; വിശദമാക്കാമോ ?

299

സംസ്ഥാനത്തെ ജയില്‍ വരുമാനം 

ശ്രീ.കെ. അച്ചുതന്‍ 
,,ബെന്നി ബെഹനാന്‍ 
,, വര്‍ക്കല കഹാര്‍ 
,, പി.എ. മാധവന്‍

(എ)ഈ സര്‍ക്കാരിന്‍റെ കാലത്ത് സംസ്ഥാനത്തെ ജയില്‍ വരുമാനത്തില്‍ നാളിതുവരെ എത്രമാത്രം പുരോഗതിയാണ് കൈവരിച്ചിട്ടുളളത്; 
(ബി)ഈ വരുമാന വര്‍ദ്ധനവിനായി എന്തെല്ലാം നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുളളത്;
(സി)ഭക്ഷണസാധനങ്ങള്‍ ഉള്‍പ്പെടെയുളള ജയില്‍ ഉല്പന്നങ്ങള്‍ പൊതുവിപണിയില്‍ എത്തിക്കുന്നതിന് എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട് ; 
(ഡി)വരുമാന വര്‍ദ്ധനവിന് എന്തെല്ലാം അടിസ്ഥാന സൌകര്യങ്ങളാണ് ജയിലുകളില്‍ ഒരുക്കിയിട്ടുളളത്?

300

ജയില്‍ തടവുകാര്‍ക്കുളള നിയമ വ്യവസ്ഥകള്‍ 

ശ്രീ. കോടിയേരി ബാലകൃഷ്ണന്
‍ '' എ.കെ.ബാലന്‍
 '' എളമരം കരീം 
ശ്രീമതി കെ.എസ്. സലീഖ.
 
(എ)സംസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്ന തടവുകാര്‍ക്ക് നിയമാനുസൃതം നിഷേധിക്കപ്പെട്ട മനുഷ്യാവകാശങ്ങള്‍ എന്തൊക്കെയാണെന്ന് വെളിപ്പെടുത്തുമോ;

(ബി)റിമാന്‍റ് തടവുകാരന് ജയിലിലോ ജയിലിന് പുറത്തോ കോടതി പരിസരത്തോ ആശുപത്രിയിലോ അധികൃതരുടെ സാന്നിദ്ധ്യത്തില്‍ ഭാര്യയേയോ മറ്റ് ഉറ്റ ബന്ധുക്കളേയോ കാണുന്നുന്നതിന് ഇന്ത്യന്‍ ശിക്ഷാ നിയമം വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടോ; 

(സി)ശ്രീ.പി.മോഹനന്‍ എന്ന റിമാന്‍റ് തടവുകാരനെ ആശുപത്രിയില്‍ കൊണ്ടുപോകവേ ഭക്ഷണശാലയില്‍ കയറിയപ്പോള്‍ നിയമസഭാംഗം കൂടിയായ ഭാര്യ നേരില്‍കണ്ട് സംസാരിച്ചിതിന്‍റെ പേരില്‍ ഏതെങ്കിലും ഉദ്യോഗസ്ഥന്മാരെ സര്‍വ്വീസില്‍ നിന്നും സസ്പെന്‍റ് ചെയ്തിട്ടുണ്ടോ; ഇക്കാര്യത്തിലുണ്ടായ നിയമ ലംഘനം എന്താണെന്ന് വ്യക്തമാക്കുമോ?

301

ജനപ്രതിനിധികളുടെ ജയില്‍ സന്ദര്‍ശന നിയമങ്ങള്‍ 

ശ്രീ. എ. പ്രദീപ്കുമാര്‍

(എ)ജയിലുകള്‍ സന്ദര്‍ശിക്കുന്നതിന് മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എ.മാര്‍, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഏത് നിയമ വ്യവസ്ഥകള്‍ പ്രകാരമാണെന്ന് വെളിപ്പെടുത്താമോ: 

(ബി)ജയിലുകളിലെ തടവുകാരെ ഫോണില്‍ വിളിക്കാന്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് അവകാശമുണ്ടോ; എങ്കില്‍ ഇത് നിയന്തിക്കാന്‍ ഉദ്ദേശമുണ്ടോ; ഇല്ലെങ്കില്‍ അതിന് സാവകാശം നല്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; 

(സി)ശിക്ഷിക്കപ്പെട്ടതോ, റിമാന്‍റില്‍ കഴിയുന്നതോ ആയ ഏതെങ്കിലും തടവുകാരനെ ഫോണില്‍ വിളിച്ചതിന് ഏതെങ്കിലും മാധ്യമ പ്രവര്‍ത്തകനോ, മന്ത്രിക്കോ, മന്ത്രിപദവിയുലുളള ആര്‍ക്കെങ്കിലുമോ എതിരെ പോലീസ് കേസ് എടുത്തിട്ടുണ്ടോ, എങ്കില്‍ വിശദമാക്കാമോ; നിലവുലുളള കേസുകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?

302

ജയിലുകളുടെ പരിസരത്ത് കെട്ടിടം നിര്‍മ്മിക്കുന്നതിനുളള വ്യവസ്ഥകള്‍ 

ശ്രീ.എ.പ്രദീപ് കുമാര്‍

(എ)സംസ്ഥാനത്ത് ജയിലുകളുടെ പരിസരത്ത് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് നിശ്ചിത ദൂരം പാലിക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ടോ; അത് സംബന്ധിച്ച് വിശദമാക്കുമോ; 

(ബി)കോഴിക്കോട് ജില്ലാ ജയിലിനടുത്ത് പ്രസ്തുത വ്യവസ്ഥയും നിശ്ചിത ദൂരവും പാലിക്കാതെ നിര്‍മ്മിക്കപ്പെട്ട എത്ര കെട്ടിടങ്ങള്‍ ഉണ്ട്; ഇവ നിര്‍മ്മിച്ചത് ജയില്‍ വകുപ്പ് അധികൃതരുടെ അറിവോടുകൂടിയാണോ; എങ്കില്‍ എപ്പോള്‍; 

(സി)ജയിലിലെ തടവുകാരെ വീക്ഷിക്കാനും, തടവുകാര്‍ അറിയാതെ ഫോട്ടോ എടുക്കാനും പ്രസ്തുത കെട്ടിടത്തില്‍ നിന്ന് സാദ്ധ്യമാണോ; അത്തരത്തില്‍ ഏതെങ്കിലും റിപ്പോര്‍ട്ടുകളും ആക്ഷേപങ്ങളും ഉന്നയിക്കപ്പെട്ടിട്ടുണ്ടോ; അതേക്കുറിച്ച് പരിശോധിക്കുകയുണ്ടായോ?

303

വിചാരണ തടവുകാരെ സംബന്ധിച്ച വിവരം 

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

(എ)സംസ്ഥാനത്തെ ജയിലുകളില്‍ വിചാരണ തടവുകാരായി കഴിയുന്നവരെ കൊടുംകുറ്റവാളികളായി കരുതുന്നുണ്ടോ; ഏതെങ്കിലും ജയിലില്‍ റിമാന്‍റ് തടവുകാരെ ശിക്ഷിക്കപ്പെട്ട തടവുകാരുടെ സെല്ലില്‍ പാര്‍പ്പിക്കുന്നുണ്ടോ; എങ്കില്‍ ഇത് നിയമാനുസൃതമായ നടപടിയാണോ; ഇതിനിടയായ സാഹചര്യം എന്താണ്; 

(ബി)സംസ്ഥാനത്തെ ജയിലുകളില്‍ ഉള്ള മൊത്തം തടവുകാര്‍ എത്ര; ശിക്ഷിക്കപ്പെട്ട തടവുകാര്‍ എത്ര; റിമാന്‍റ് തടവുകാര്‍ എത്ര;

(സി)തടവുകാരുടെ എണ്ണത്തിന് അനുസൃതമായിട്ടുള്ള ജയില്‍ ജീവനക്കാര്‍ സംസ്ഥാനത്തുണ്ടോ; ഇല്ലെങ്കില്‍ കുറവ് എത്ര; പ്രസ്തുത കുറവ് പരിഹരിക്കുന്നതിന് പുതിയ തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?

304

ജയിലിലെ തസ്തികകളും നിയമനങ്ങളും 

ശ്രീ. വി. ശശി

(എ)വിവിധ ജയിലുകളിലെ തസ്തികകള്‍ ഏതെല്ലാമെന്നും ഓരോ തസ്തികയുടെ കേഡര്‍ സ്ട്രെങ്ത് എത്രയെന്നും വ്യക്തമാക്കാമോ; 

(ബി)ഓരോ തസ്തികകളിലേയ്ക്കും അവസാനമായി പി.എസ്.സി. നിയമനം നടന്നതെന്നാണ് എന്ന് വ്യക്തമാക്കാമോ;

(സി)ജയില്‍ ജീവനക്കാരുടെ നിയമനം സംബന്ധിച്ച ചട്ടങ്ങളുടെയും ഉത്തരവുകളുടെയും പകര്‍പ്പ് ലഭ്യമാക്കാമോ; 

(ഡി)എല്ലാ തസ്തികകളിലേയ്ക്കുള്ള നിയമനങ്ങളും പി.എസ്.സി. വഴിയാണോ നടക്കുന്നതെന്നും അല്ലെങ്കില്‍ നിയമനം നടത്തുന്നതിനുള്ള നിലവിലെ സംവിധാനം എന്തെന്നും വ്യക്തമാക്കാമോ; 

(ഇ)ജയിലുകളിലെ വിവിധ തസ്തികകളില്‍ നിയമിതരായവരുടെ ജാതിതിരിച്ച ലിസ്റ്റ് ലഭ്യമാക്കാമോ?

305

ഭീകര സംഘടനകളുമായി ബന്ധം ഉണ്ടായിരുന്ന തടവുകാര്‍ 

ശ്രീ. സാജു പോള്‍

(എ)ഭീകര സംഘടനകളുമായി ബന്ധം ഉണ്ടായിരുന്ന എത്ര തടവുകാര്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ഉണ്ടായിരുന്നു; പ്രസ്തുത തടവുകാര്‍ ഇപ്പോള്‍ എവിടെയാണ്; 

(ബി)സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന അവസരത്തില്‍ അവര്‍ക്ക് സഹായങ്ങള്‍ നല്‍കിയിരുന്ന വ്യക്തികളും സംഘടനകളും ആരൊക്കെയായിരുന്നു; 

(സി)പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ഭീകരബന്ധമുള്ള തടവുകാരെ സംബന്ധിച്ച ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ; എങ്കില്‍ റിപ്പോര്‍ട്ടിന്മേല്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്; 

(ഡി)ഭീകരരായ തടവുകാര്‍ക്ക് സഹായങ്ങള്‍ എത്തിച്ചവര്‍ക്കെതിരെ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍റെയടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്? 

306

ശ്രീ. ആര്‍. ബാലകൃഷ്ണപിള്ളയുടെ ജയിലിലെ ഫോണ്‍ വിളി

 ശ്രീ. ബി. സത്യന്‍

(എ)സുപ്രീം കോടതി അഴിമതി കേസില്‍ ശിക്ഷിച്ചതിനെതുടര്‍ന്ന് തിരുവനന്തപുരത്തെ പൂജപ്പുര സെട്രല്‍ ജയിലില്‍ ശ്രീ. ആര്‍. ബാലകൃഷ്ണപിള്ള എത്ര ദിവസം കിടന്നിരുന്നു; 

(ബി)പോലീസ് കസ്റ്റഡിയില്‍ കഴിഞ്ഞ കാലയളവില്‍ അദ്ദേഹം നിയമവിരുദ്ധമായി ഫോണ്‍ ഉപയോഗിക്കുകയുണ്ടായോ; ഏതൊക്കെ ഫോണ്‍ എത്ര ദിവസം ഉപയോഗിച്ചു; ഏതൊക്കെ ഫോണില്‍ നിന്ന് എത്ര കാളുകള്‍ വിളിക്കുകയുണ്ടായി; ഇതേ സമയം എത്ര കാളുകള്‍ അദ്ദേഹത്തിന്‍റെ ഫോണിലേക്ക് വന്നു; വിളിച്ചവരില്‍ മന്ത്രി പദവിയിലുണ്ടായിരുന്നവര്‍ ആരൊക്കെയായിരുന്നു; ഉദ്യോഗസ്ഥര്‍ ആരൊക്കെയായിരുന്നു; 

(സി)ഈ കാലയളവില്‍ ശ്രീ. ആര്‍. ബാലകൃഷ്ണപിള്ള ഉപയോഗിച്ച ഫോണ്‍ ജയിലില്‍ എത്തിച്ചു കൊടുത്തത് ആരായിരുന്നുവെന്ന് അന്വേഷിക്കുകയുണ്ടായോ; 

(ഡി) ഫോണ്‍ ചെയ്യുന്നതിനും ഫോണ്‍ എത്തിച്ചു കൊടുക്കുന്നതിനും സഹായിച്ചതിന് ആര്‍ക്കെല്ലാം എതിരെ കേസുണ്ട്; അന്വേഷണം നടത്തുകയുണ്ടായി; 

(ഇ)തടവില്‍ കഴിയുന്ന ഒരാളെ ഫോണില്‍ വിളിക്കുന്നതിന് മന്ത്രി പദവിയിലുള്ളവര്‍ക്ക് അവകാശം ഉണ്ടായിരുന്നുവോ?

307

കോഴിക്കോട് ജില്ലാ ജയിലില്‍ സന്ദര്‍ശനം നടത്തിയവര്

 ശ്രീ. കെ.കുഞ്ഞമ്മത് മാസ്റ്റര്‍

(എ)2013 ഡിസംബര്‍ 4 ന് കോഴിക്കോട് ജില്ലാ ജയിലില്‍ സന്ദര്‍ശനം നടത്തിയവര്‍ ആരൊക്കെയാണ്;

(ബി)ജയിലില്‍ പ്രവേശിക്കാന്‍ മുന്‍കൂട്ടി അനുമതി വാങ്ങാതെ ആരെങ്കിലും ജയിലില്‍ പ്രവേശിക്കുകയുണ്ടായോ; എങ്കില്‍ ആ വ്യക്തി ആരായിരുന്നു;

(സി)അനുവാദമില്ലാതെ ജയിലിനകത്ത് പ്രവേശിച്ചാല്‍ അങ്ങനെയുളള വ്യക്തിക്കെതിരെ സ്വീകരിക്കേണ്ട നിയമാനുസൃതമായ നടപടി എന്താണ്; പ്രസ്തുത വ്യക്തിയ്ക്കെതിരെ നടപടി സ്വീകരിക്കുകയുണ്ടായോ; വിശദമാക്കാമോ?

308

ജയിലിലെ ഫേസ്ബുക്ക് വിവാദം 

ശ്രീ. പി. റ്റി. എ. റഹീം

(എ)കോഴിക്കോട് ജില്ലാ ജയിലിലെ വിചാരണ തടവുകാരായ ചിലരുമായി ബന്ധപ്പെട്ട് ഉണ്ടായ ഫേസ് ബുക്ക് വിവാദത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് പോലീസ് അന്വേഷണം നടത്തുകയുണ്ടായോ; 

(ബി) വിചാരണ തടവുകാരില്‍ ആരെങ്കിലും ജയിലില്‍ ഫേസ്ബുക്ക് ഉപയോഗിച്ചതിന് കൃത്യമായ തെളിവുകള്‍ ലഭ്യമായിട്ടുണ്ടോ; 

(സി)ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ വിചാരണ തടവുകാര്‍ക്ക് ജയിലില്‍ ഏതെങ്കിലും തരത്തിലുള്ള പ്രത്യേക സൌകര്യങ്ങള്‍ അനുവദിച്ചിട്ടുണ്ടായിരുന്നോ; 

(ഡി)ജയിലുകള്‍ നരകതുല്യമായിരിക്കണമെന്ന് ഏതെങ്കിലും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ടോ; റിമാന്‍റ് തടവുകാര്‍ക്ക് ജയിലുകളില്‍ അവര്‍ കൊണ്ടുവരുന്ന വസ്ത്രങ്ങള്‍ ധരിക്കാമോ; ഏതെല്ലാം നിലയിലുള്ള തടവുകാരാണ് ജയില്‍ വസ്ത്രങ്ങള്‍ തന്നെ ധരിക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുള്ളത്; 

(ഇ)റിമാന്‍റ് തടവുകാരനായ കിര്‍മാണി മനോജിന്‍റെ സിംകാര്‍ഡുമായി ബന്ധപ്പെട്ട വിവാദം സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയായിട്ടുണ്ടോ; ഫേസ്ബുക്ക് വിവാദവും സിംകാര്‍ഡ് വിവാദവും സംബന്ധിച്ച അന്വേഷണം നടത്തുന്നത് ആരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ്?

309

കോഴിക്കോട് ജില്ലാ ജയിലില്‍ സ്ഥാപിക്കപ്പെട്ട നിരീക്ഷണ ക്യാമറകള്‍ 

ശ്രീ.കെ.കുഞ്ഞമ്മത് മാസ്റ്റര്‍

(എ)കോഴിക്കോട് ജില്ലാ ജയിലിനുളളിലെ 31 ക്യാമറകള്‍ മനുഷ്യാവകാശ കമ്മീഷന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ജയിലില്‍ നിന്നും മാറ്റി എന്ന ഒരു വിഭാഗം മാദ്ധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടായിരുന്നുവോ; 

(ബി)ജയിലില്‍ സ്ഥാപിക്കപ്പെട്ട 31 നിരീക്ഷണ ക്യാമറകള്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍റെ ഉത്തരവിനെ തുടര്‍ന്ന് മാറ്റുകയുണ്ടായിട്ടുണ്ടോ; എങ്കില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍റെ പ്രസ്തുത ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ; 

(സി)ജയിലില്‍ എത്ര ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടായിരുന്നു; അവ ഇപ്പോഴും ജയിലിനകത്തുണ്ടോ; വിശദമാക്കുമോ?

310

ജയിലുകളില്‍നിന്നും തടവുകാര്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ച സംഭവങ്ങള്‍ 

ശ്രീ. കെ.കുഞ്ഞമ്മത് മാസ്റ്റര്‍
 
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇതേവരെ ജയിലുകളില്‍നിന്നും മൊബൈല്‍ ഫോണ്‍ കണ്ടെത്തുകയോ മൊബൈല്‍ ഫോണില്‍ തടവുകാര്‍ സംസാരിച്ചതോ ആയിട്ടുള്ള എത്ര സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുള്ളത് ഏതൊക്കെയാണ്; 

(ബി)റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏതെല്ലാം കേസുകളില്‍ പ്രസ്തുത ജയിലിലെ ജീവനക്കാര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുകയുണ്ടായി; വിശദമാക്കാമോ; 

(സി)പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്നും വിദേശത്തേയ്ക്ക് ഫോണില്‍ ബന്ധപ്പെട്ടുവെന്ന തടിയന്‍റവിട നസീര്‍ എന്ന തടവുകാരന്‍റെ നടപടി സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തിയിട്ടുണ്ടായിരുന്നുവോ; അതേ തുടര്‍ന്ന് സ്വീകരിച്ച നടപടി വിശദമാക്കാമോ?

311

ജയില്‍ തടവുകാരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം

 ശ്രീ. സി.കെ. സദാശിവന്‍

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്തെ ജയിലുകളില്‍ തടവുകാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതായി കണ്ടെത്തിയ എത്ര കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്; 

(ബി)ഏതെല്ലാം ജയിലുകളില്‍ ഏതെല്ലാം തടവുകാരില്‍നിന്നും മൊബൈല്‍ ഫോണ്‍ കണ്ടെടുക്കുകയുണ്ടായി; ഇവരില്‍ വിചാരണ തടവുകാര്‍ ആരൊക്കെ; കോടതി ശിക്ഷിച്ച് തടവില്‍ കഴിഞ്ഞുവരുന്നവര്‍ ആരൊക്കെ; 

(സി)സംസ്ഥാനത്തെ ഏതെല്ലാം ജയിലുകളിലെ തടവുകാര്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചതായി അന്വേഷണത്തില്‍ തെളിയുകയുണ്ടായി; വിശദമാക്കാമോ; 

(ഡി)തടവില്‍ കഴിയുന്നവര്‍ ഫോണ്‍ വിളിച്ചതിന്‍റെ പേരില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഏതെല്ലാം ഉദ്യോഗസ്ഥന്‍മാരെ സ്ഥലം മാറ്റുകയുണ്ടായി; വ്യക്തമാക്കാമോ?

312

ജയിലുകളിലെ ഫോണ്‍ ഉപയോഗം തടയാന്‍ നടപടി

 ശ്രീ. സി. ദിവാകരന്‍

(എ)ജയിലുകളില്‍ ഫോണ്‍ ഉപയോഗിച്ച എത്ര കേസുകളാണ് നിലവിലുള്ളത്; ഇതുമായി ബന്ധപ്പെട്ട് എത്ര ജീവനക്കാരുടെ പേരില്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; 

(ബി)ജയിലുകളിലെ ഫോണ്‍ ഉപയോഗം തടയാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണ്?

313

ജയിലിനുള്ളിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം തടയാന്‍ നടപടി

 ശ്രീ. കെ. എന്‍. എ. ഖാദര്‍ 
,, കെ. മുഹമ്മദുണ്ണി ഹാജി

(എ)ജയില്‍ അന്തേവാസികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ എത്തിക്കുന്നത് തടയാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ബി)ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?

314

വിചാരണതടവുകാര്‍ക്ക് ചികിത്സ

 ശ്രീമതി കെ. കെ. ലതിക

(എ)ടി. പി. ചന്ദ്രശേഖരന്‍ കേസ്സില്‍ പ്രതിയായ ശ്രീ. പി. മോഹനന്‍ മാസ്റ്ററെ കോഴിക്കോട് ജില്ലാ ജയിലില്‍നിന്നും എത്ര തവണ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കായും മെഡിക്കല്‍ പരിശോധനയ്ക്കായും കൊണ്ടുപോയിട്ടുണ്ട്; 

(ബി)അദ്ദേഹത്തെ എത്ര ദിവസം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്ത് ഏതെല്ലാം രോഗങ്ങള്‍ക്ക് ചികിത്സിച്ചിട്ടുണ്ട്; 

(സി)രോഗികളായ തടവുകാരെ ചികിത്സയ്ക്കായി കൊണ്ടുപോകുന്പോള്‍ ബന്ധുക്കളെയോ കുടുംബാംഗങ്ങളെയോ കാണുവാന്‍ അനുവദിക്കരുതെന്ന് ജയില്‍ ചട്ടങ്ങളില്‍ നിബന്ധനകളുണ്ടോ; 

(ഡി)എങ്കില്‍ പ്രസ്തുത ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ശ്രീ. പി. മോഹനന്‍ മാസ്റ്ററെ ഏതെങ്കിലും കുടുംബാംഗം കണ്ടതായി രേഖാമൂലം പരാതി ലഭിച്ചിട്ടുണ്ടോ; 

(ഇ)അദ്ദേഹത്തെ ചികിത്സയക്ക് കൊണ്ടുപോയതുമായി ബന്ധപ്പെട്ട സംഭവത്തില്‍ ഏതെല്ലാം ഉദേ്യാഗസ്ഥര്‍ക്കെതിരെ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; അവര്‍ ചട്ടവിരുദ്ധമായി എന്താണ് ചെയ്തിട്ടുള്ളത്; വ്യക്തമാക്കുമോ ?

315

വിചാരണത്തടവുകാരെ ബന്ധുക്കള്‍ ജയിലിന് പുറത്തുവച്ച് സന്ദര്‍ശിക്കുന്നതിലെ ചട്ടലംഘനം 

ശ്രീ. എ. കെ. ബാലന്‍ 

(എ)ടി. പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ കോഴിക്കോട് ജയിലില്‍ കഴിയുന്ന വിചാരണത്തടവുകാരനായ ശ്രീ. പി.മോഹനന്‍ മാസ്റ്റര്‍ ആശുപത്രിയില്‍ പോകുന്ന വഴി അദ്ദേഹത്തിന്‍റെ ഭാര്യ സന്ദര്‍ശിച്ചതില്‍ ജയില്‍ ചട്ടങ്ങളുടെ ലംഘനമുണ്ടോ; ഉണ്ടെങ്കില്‍ ആയത് എന്തൊക്കെയാണെന്ന് വിശദമാക്കുമോ ; 

(ബി)പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട് എത്ര ജയില്‍ വാര്‍ഡന്മാരെ സസ്പെന്‍റ് ചെയ്തിട്ടുണ്ട് ; സസ്പെന്‍ഷനുള്ള കാരണമെന്തായിരുന്നു ; 

(സി)വിചാരണത്തടവുകാരെ ബന്ധുക്കള്‍ക്ക് പുറത്തുവച്ച് സന്ദര്‍ശിക്കുന്നതിനോ, സംസാരിക്കുന്നതിനോ വിലക്കുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ; 

(ഡി)പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട് പുറത്തുവന്നിട്ടുള്ള മാധ്യമ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിരുന്നോ ; 

(ഇ)പ്രസ്തുത സംഭവം അനേ്വഷിക്കാന്‍ ആരെയെങ്കിലും ചുമതലപ്പെടുത്തിയിരുന്നോ ; എങ്കില്‍ ആരെ ;

(എഫ്)അനേ്വഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ; 

(ജി)ഈ റിപ്പോര്‍ട്ടിന്മേല്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കുമോ?

316

സോളാര്‍ തട്ടിപ്പുകേസിലെ പ്രതി ജയില്‍ അധികൃതര്‍ മുഖേന നല്‍കിയ മൊഴി 

ശ്രീ. രാജു എബ്രഹാം

(എ)സോളാര്‍ തട്ടിപ്പുകേസിലെ പ്രതി ശ്രീമതി സരിത നായര്‍, പത്തനംതിട്ട ജയിലില്‍ കഴിയുന്പോള്‍ ജയില്‍ അധികൃതര്‍ മുഖേന അഡ്വക്കേറ്റ് ഫെനി ബാലകൃഷ്ണന് കോടതിയില്‍ സമര്‍പ്പിക്കുന്നതിനായി 22 പേജുള്ള ഒരു രേഖ കൈമാറിയിട്ടുള്ളതായി ജയിലില്‍ സൂക്ഷിക്കപ്പെട്ട രേഖകളുടെയടിസ്ഥാനത്തില്‍ അന്വേഷണ സംഘത്തിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)പ്രസ്തുത രേഖ കൈവശപ്പെടുത്താനും അതു വഴി അന്വേഷണം നീക്കുവാനും സാധ്യമായിട്ടുണ്ടോ; പ്രസ്തുത രേഖ കൈവശപ്പെടുത്താന്‍ യഥാസമയം അന്വേഷണ സംഘം തയ്യാറായിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണമെന്ത്; 

(സി)അന്വേഷണം നടക്കുന്ന ഘട്ടത്തില്‍, അന്വേഷണത്തിന്‍റെ ഭാഗമായി അറസ്റ്റ് ചെയ്യപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രധാന പ്രതി ഇത്രയധികം പേജുകളില്‍ വെളിപ്പെടുത്തിയ വിവരങ്ങള്‍ ഉടന്‍ കസ്റ്റഡിയിലെടുത്ത് അന്വേഷണത്തിന്‍റെ ഭാഗമാക്കാന്‍ അന്വേഷണ സംഘം തയ്യാറാകാതിരുന്നത് എന്തുകൊണ്ടാണ്; അവയിലെ വിശദവിവരങ്ങള്‍ സംബന്ധിച്ച് തല്‍സമയം ശ്രീമതി സരിതയുടെ അഡ്വക്കേറ്റിനെ ചോദ്യം ചെയ്തു ശേഖരിക്കുകയുണ്ടായോ; വ്യക്തമാക്കുമോ?

317

ജയില്‍ ഡി.ഐ.ജി.യുടെ അട്ടക്കുളങ്ങര സബ്ജയില്‍ സന്ദര്‍ശനം 

ഡോ. കെ. ടി. ജലീല്‍

(എ)തിരുവനന്തപുരത്തെ അട്ടക്കുളങ്ങര സബ് ജയിലില്‍ കഴിയുകയായിരുന്ന സോളാര്‍ തട്ടിപ്പ് കേസ് പ്രതി ശ്രീമതി സരിതയുമായി 27.7.2013 ന് ജയില്‍ ഡി.ഐ.ജി. എപ്പോഴെങ്കിലും ജയിലില്‍ വച്ച് നേരില്‍ സംസാരിക്കുകയുണ്ടായിട്ടുണ്ടോ; 

(ബി)സംസാരിച്ച വിഷയം എന്തായിരുന്നു എന്ന് അറിയിക്കുമോ; 

(സി)സന്ദര്‍ശന വേളയില്‍ സരിത പറഞ്ഞ കാര്യങ്ങളും ജയില്‍ ഡി.ഐ.ജി നല്‍കിയ നിര്‍ദ്ദേശങ്ങളും എന്തെല്ലാമായിരുന്നു; വിശദമാക്കാമോ?

318

അട്ടക്കുളങ്ങര വനിതാ ജയിലില്‍ ശ്രീമതി സരിതയെ സന്ദര്‍ശിച്ചവര്‍

 ശ്രീ. എസ്. രാജേന്ദ്രന്‍

(എ)അട്ടക്കുളങ്ങര വനിതാ ജയിലില്‍ സോളാര്‍ തട്ടിപ്പുകേസിലെ പ്രതി ശ്രീമതി സരിതയെ പ്രവേശിപ്പിച്ചതിനുശേഷം ടിയാളെ സന്ദര്‍ശിച്ചവര്‍ ആരൊക്കെയായിരുന്നു; ജയില്‍ രേഖകളുടെ അടിസ്ഥാനത്തിലുളള വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ; 

(ബി)ജയില്‍ സന്ദര്‍ശിച്ചവരില്‍ മൊബൈല്‍ ഫോണുമായി പ്രവേശിക്കപ്പെട്ടവര്‍ ആരൊക്കെ;

(സി)ശ്രീമതി സരിത ജയിലില്‍ ഉളള കാലത്തിനിടയില്‍ ടിയാളെ ഉള്‍പ്പെടെ കാണാന്‍ ജയില്‍ സന്ദര്‍ശിച്ചവരുടെ പേര് വിവരങ്ങള്‍ വിശദമാക്കാമോ; ഏതെല്ലാം തീയതികളില്‍ ഏതെല്ലാം സമയങ്ങളിലായിരുന്നു സന്ദര്‍ശനം എന്നറിയിക്കുമോ; 

(ഡി)ജയിലിലെ ഏതെങ്കിലും രേഖയില്‍ ആരുടെയെങ്കിലും ജയില്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് മേല്‍പ്പറഞ്ഞ കാലയളവില്‍ എന്തെങ്കിലും മാറ്റം വരുത്തുകയുണ്ടായിട്ടുണ്ടോ; എങ്കില്‍ അത് സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

<<back  
                                                                                                          

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.